കൊച്ചി : ഡാൻസാഫിനെ കണ്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമായി തുടരുന്നു. നടന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണെന്നും സൂചനയുണ്ട് .
പോലീസിനെ കണ്ട് ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ ഷൈൻ ഒരു ബൈക്കിൽ നേരെ പോയത് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ്. കുറച്ചു സമയത്തിന് ശേഷം കാറിൽ ബോൾഗാട്ടിയിലെ മറ്റൊരു ഹോട്ടലിലേക്ക് പോയി. ബോൾഗാട്ടിയിലെ ഹോട്ടലിലേക്ക് കാറിൽ പോകുന്നതും അധികം വൈകാതെ തിരിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട് .
ലഹരി വിൽപ്പനക്കാരനായ ഒരാൾ താമസിക്കുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു ഡാൻസാഫ് സംഘം ബുധനാഴ്ച്ച രാത്രി ഹോട്ടലിലെത്തിയത്. ഷൈനിന്റെ പേരിലെടുത്ത മുറിയിൽ പോലീസെത്തിയപ്പോൾ തുറന്നത് മേക്കപ്പ്‌മാനായ മുർഷിദാണ്. ഷൈൻ മുറിയിൽ ഉണ്ടായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. ലഹരിവസ്തുക്കളൊന്നും മുറിയിൽ നിന്ന് കണ്ടെത്തിയില്ല. എന്നാൽ ഹോട്ടലിലെ ലഹരി പരിശോധന വിവരമറിഞ്ഞ് എന്തിനാണ് ഷൈൻ ഇറങ്ങിയോടിയതെന്നാണ് വ്യക്തമാകേണ്ടത്.