പത്തനംതിട്ട : പമ്പാതീരത്ത് ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ട് .എല്ലാവരും ഒന്ന് എന്ന ബോധം തെളിയിക്കുന്നതാണ് ശബരിമലയുടെ സന്ദേശം .തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത് അയ്യപ്പ ഭക്തരോട് കൂടി ആലോചിച്ചാണ് ചെയ്യേണ്ടത് മുഖ്യമന്ത്രി പറഞ്ഞു .
മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വാഹനത്തിലാണ് വേദിയിലേക്ക് എത്തിയത്.3000ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പ്രവേശനം.കൈതപ്രം ദാമോദരൻ നമ്പൂതിരി ചടങ്ങിൽ പ്രാർഥനാ ഗീതം ആലപിച്ചു. ദേവസ്വം മന്ത്രി വി.എന്‍. വാസവൻ അധ്യക്ഷ പ്രസംഗം നടത്തി. തമിഴ്നാട്ടിലെ മന്ത്രിമാരായ പി.കെ.ശേഖർബാബു, പളനിവേൽ ത്യാഗരാജൻ,എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട് .യുഡിഎഫും ബിജെപിയും സംഘപരിവാര്‍ സംഘടനകളും പന്തളം കൊട്ടാരം പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കുന്നില്ല.