തിരുവനന്തപുരം : സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വച്ച് നവംബർ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയഗള അർബുദം. വരും തലമുറയെ ഈ രോഗത്തിൽ നിന്നും രക്ഷിക്കുന്നതിന് എച്ച്.പി.വി വാക്‌സിൻ എല്ലാ പെൺകുട്ടികളും സ്വീകരിക്കുന്നത് നല്ലതാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി തവണ ആരോഗ്യ വിദഗ്ധരുടേയും ടെക്നിക്കൽ കമ്മിറ്റിയുടേയും യോഗം ചേർന്നാണ് വാക്സിനേഷൻ പദ്ധതിക്ക് അന്തിമ രൂപം നൽകിയത്.
കേരളാ കാൻസർ കെയർ ബോർഡ് കേരളത്തിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളിൽ എച്ച്.പി.വി. വാക്സിൻ നല്കാൻ ശുപാർശ ചെയ്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്.പി.വി. വാക്സിനേഷന്റെ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് സ്വമേധയാ വാക്സിനേഷൻ സ്വീകരിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുക എന്നതാണ് പൈലറ്റ് പദ്ധതിയുടെ ഉദ്ദേശം. പദ്ധതി വിവിധ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്






