കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷൻ ക്യാൻ്റീനിൽ തീ പിടുത്തം. ആളപായമില്ല. പാഴ്സൽ ഓഫിസിലെ ജീവനക്കാരും പോർട്ടർമാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽ നിന്നും തീ ആളിപ്പടർന്നതാണ് അപകടത്തിന് കാരണമായത്. ഭക്ഷണം കഴിക്കാൻ എത്തിയ നിരവധി പേർ ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നു.
തീ കാൻ്റീനിൻ്റെ ചിമ്മിനിക്കുള്ളിലൂടെ മുകൾഭാഗത്തേക്ക് അതിവേഗം പടർന്നതും ആശങ്ക പരത്തി. എന്നാൽ തീ ആളുന്നത് കണ്ട് തൊട്ട് സമീപത്തെ റെയിൽവേ പാഴ്സൽ ഓഫീസിലെ ജീവനക്കാരും, പോർട്ടർമാരും ചേർന്ന് പരിസരത്ത് പലയിടത്തായി സ്ഥാപിച്ചിരുന്ന ഫയർ എസ്റ്റിഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഫയർഫോഴ്സും, പോലീസും അടക്കമുള്ളവർ ഉടൻതന്നെ സ്ഥലത്തെത്തി.






