ആലപ്പുഴ : ആലപ്പുഴയിൽ സ്‌കൂട്ടർ ഇടിച്ചു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ നിന്ന് നാലര ലക്ഷം രൂപ ലഭിച്ചു .രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു.ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന യാചകനാണ് തിങ്കളാഴ്ച വൈകുന്നേരം വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റത്. ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ആശുപത്രിയിൽ നൽകിയ വിലാസം.
ആരോടും പറയാതെ രാത്രിയിൽ ആശുപത്രിയിൽ നിന്ന് നിന്നും ഇറങ്ങിപ്പോയ ഇയാളെ ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി .പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ വച്ച് സഞ്ചി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത് .അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ട് അടുക്കി സെല്ലോടേപ്പ് ഒട്ടിച്ചാണ് സഞ്ചിയിൽ സൂക്ഷിച്ചിരുന്നത്. ബന്ധുക്കളാരും ഇതുവരെ എത്തിയിട്ടില്ലെന്നും പണം കോടതിക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു






