കോഴിക്കോട്: പൊതു ഇടങ്ങളിലെ സാക്ഷ്യ ജീവിതത്തിന് ഊർജം പകരുന്ന ഇടമാകണം ദേവാലയങ്ങളെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത.കോഴിക്കോട് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചശേഷം ചേർന്ന പൊതുസമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പൊലിത്ത.
കേവലം ആരാധനയിൽ അവസാനിക്കുന്നതല്ല ആത്മീയത. ലോകത്തിൽ ഒരു ദൗത്യം ഉണ്ടെന്ന് ബോധ്യം ആരാധനാ സമൂഹത്തിന് ഉണ്ടാവണം. സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളിൽ വലയുന്ന ലോക പരിസരങ്ങളിൽ ആരാധനാ സമൂഹത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. ഓരോ ആരാധനയും ഒരു നിയോഗ ശുശ്രൂഷയായി കരുതി വലിയ ഉത്തരവാദിത്വത്തോടെ ലോകത്തിലേക്ക് ഇറങ്ങുവാൻ കഴിയണം.
ആരാധനാലയങ്ങൾ ദേശത്തിന്റെ വിളക്കുകളാകണം. ചുറ്റുപാടുകളെ അത് പ്രകാശിപ്പിക്കണമെന്നും ദൈവനാമ മഹത്വത്തിന് ഇടമാകേണ്ട ദേവാലയങ്ങളിൽ അല്ലാത്തവയൊന്നും പാടില്ലെന്നും മെത്രാപ്പൊലിത്ത ഉദ്ബോധിപ്പിച്ചു. കുന്നംകുളം – മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു.
എം.കെ. രാഘവൻ എം. പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ മുഖ്യ സന്ദേശം നൽകി. ഇടവക ഡയറക്ടറിയുടെ പ്രകാശനം ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ് കോപ്പക്ക് കൈമാറി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത നിർവഹിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ, മേയർ ഒ. സദാശിവൻ,വാർഡ് കൌൺസിലർ ശ്രീജാ. സി. നായർ, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, മാർത്തോമ്മാ സഭാ സെക്രട്ടറി എബി. ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ മാത്യു ജോൺ, ഫാ. ജയൻ തോമസ്, മുൻ വികാരിമാരായ ഫാ. സജു. ബി. ജോൺ, ഫാ. ബിജു. കെ. ജോർജ്, ഇടവക വികാരി ഫാ. സുനിൽ ജോയി, ഇടവക സെക്രട്ടറി സൈമൺ മാത്യൂസ്, ട്രസ്റ്റി തോമസ് വർഗീസ്എന്നിവർ പ്രസംഗിച്ചു.






