കൊച്ചി : അമ്പലമുകൾ ബി.പി.സി.എൽ പ്ലാന്റിലെ ഡ്രൈവർമാരുടെ പണിമുടക്ക് അവസാനിപ്പിച്ചു.മാനേജ്മെന്റും കരാറുകാരും ഏജൻസി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനമുണ്ടായത്. ഡ‍്രൈവർ ശ്രീകുമാറിനെ മർദ്ദിച്ച പ്രതികൾക്കെതിരേ നടപടിയെടുക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് പണിമുടക്ക് അവസാനിപ്പിച്ചത് .
തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തർക്കത്തെ തുടർന്നാണ് ഡ്രൈവറെ ക്രൂരമായി മർദിച്ചത്. ലോഡ് ഇറക്കാൻ 20 രൂപ കൂലി കുറഞ്ഞെന്ന് പറഞ്ഞാണ് തർക്കം ഉണ്ടായത്. പണം നൽകിയിരിക്കുന്നത് ഏജൻസിയിൽ നിന്നാണെന്നും അതിനാൽ കൂടുതൽ തുക നൽകാൻ കഴിയില്ലെന്നും ഡ്രൈവർ അറിയിച്ചു. ഇതോടെയാണ് സിഐടിയു കയറ്റിറക്ക് തൊഴിലാളികൾ ഡ്രൈവറെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അക്രമം നടത്തിയ തൊഴിലാളികളെ ജോലിയിൽനിന്ന് മാറ്റിനിർത്തണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നുമായിരുന്നു ഡ്രൈവർമാരുടെ പ്രധാന ആവശ്യം. 23 കോൺട്രാക്ടർമാർക്ക് കീഴിലുള്ള നൂറ്റിയമ്പതോളം ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് ഏഴ് ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങിയിരിക്കുകയായിരുന്നു .