ആലപ്പുഴ: എലിവേറ്റഡ് ഹൈവേയുടെ നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കിഴക്കുഭാഗത്തെ റോഡ് ഉടൻ ടാർ ചെയ്യുമെന്ന് ജില്ല വികസന സമിതി യോഗം. ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ജില്ല കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അരൂർ തുറവൂർ ഭാഗത്തെ ഗതാഗത പ്രശ്നങ്ങൾ വിലയിരുത്തിയത്. നിലവിൽ റോഡിലുള്ള കുഴികൾ ഉടൻ അടയ്ക്കും. വാഹനഗതാഗതം ആറ് ദിവസത്തേക്ക് നിയന്ത്രിച്ച് അരൂക്കുറ്റി ഭാഗത്ത് കൂടി തിരിച്ചു വിട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യോഗത്തിൽ ജില്ല കളക്ടർ വ്യക്തമാക്കി.
ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രത്യേക പദ്ധതി അടിയന്തിരമായി അനുവദിക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കായംകുളം മണ്ഡലത്തിലെ മാര്‍ക്കറ്റ് പാലം, കന്നീശകടവ് പാലം, കോയിക്കല്‍പടി പാലം എന്നിവയുടെ നിര്‍മാണ നടപടികളും സ്ഥലമെടുപ്പും വേഗത്തിലാക്കാന്‍ യു. പ്രതിഭ എം.എല്‍.എ. ആവശ്യപ്പെട്ടു.
മീനപ്പള്ളി കനകാശ്ശേരി പാടശ്ശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തോമസ് കെ. തോമസ് എം.എല്‍.എ വിലയിരുത്തി. ഓണാട്ടുകര കാര്‍ഷിക മേഖലയ്ക്കായുള്ള ഹരിതം ഹരിപ്പാട് പദ്ധതിയില്‍ 25 കോടി രൂപ നബാര്‍ഡ് ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ രണ്ടാം ഘട്ട നിര്‍വ്വഹണ നടപടികള്‍ നോഡല്‍ ഓഫീസര്‍ ഉടന്‍നന്നെ തയ്യാറാക്കണമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ ആവശ്യപ്പെട്ടു.
വീയപുരം തുരുത്തി റോഡിന് പുതുക്കിയ എസ്റ്റിമേറ്റ് എടുത്തുവെങ്കിലും നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി യോഗത്തില്‍ അഭിപ്രായപ്പെട്ടു. നെല്‍കൃഷിക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
നവകേരള സദസ്സുമായി ബന്ധപ്പെട്ട പരാതികളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച തുടര്‍ നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ജില്ല കളക്ടര്‍ ആവശ്യപ്പെട്ടു.