ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് H1 N1. രോഗബാധയുള്ളവര്‍ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങള്‍ പുരളാനിടയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരാനിടയുണ്ട്. പനി. തുമ്മല്‍, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ ശ്വാസതടസ്സം, ഛര്‍ദ്ദി എന്നിവ ലക്ഷണങ്ങളാണ്.
രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. H1N1 പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയും ചികിത്സയും ലഭ്യമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
രോഗബാധിതര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം . മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കണം . പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.പനിയുള്ളപ്പോള്‍ കുഞ്ഞുങ്ങളെ സ്‌കൂള്‍/അങ്കണവാടികള്‍/ ക്രഷ് എന്നിവിടങ്ങളില്‍ വിടരുത്. രോഗമുള്ളവര്‍ നന്നായി വിശ്രമിക്കണം. കഞ്ഞിവെള്ളം, തിളപ്പിച്ചാറിയ വെള്ളം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും വേണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.
പൊതു ഇടങ്ങളില്‍ തുപ്പരുത്. മൂക്കു ചീറ്റിയ ശേഷം ഉടനെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. രോഗബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കാന്‍ തൂവാല /ടിഷ്യു ഉപയോഗിക്കണം. കൈകളില്‍ മുഖം അമര്‍ത്തി ചുമയ്ക്കരുത് . ഉപയോഗിച്ച ടിഷ്യൂ വലിച്ചെറിയാതെ അടപ്പുള്ള ഒരു വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കണം. ചുമച്ച ശേഷം കുറഞ്ഞത് 20 സെക്കന്‍ഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകണം. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ എന്നിവയില്‍ സ്പര്‍ശിക്കരുത്.
ഗര്‍ഭിണികള്‍ക്ക് രോഗബാധയുണ്ടായാല്‍ രോഗം ഗുരുതരമാകാനും മരണകരണമാകാനും സാധ്യതയുണ്ട് . അതിനാല്‍ ഗര്‍ഭിണികള്‍ ജലദോഷം പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പോലും എത്രയും പെട്ടെന്ന് ചികിത്സ തേടണം. ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, കിഡ്‌നി രോഗങ്ങള്‍, നാഡീ സംബന്ധമായ രോഗങ്ങള്‍, രക്താതിമര്‍ദ്ദം പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍, സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍, പ്രതിരോധ ശക്തി കുറയ്ക്കുന്ന മരുന്നുകള്‍ (ഇമ്യൂണോ സപ്പ്രസന്റുകള്‍) കഴിക്കുന്നവര്‍ കുഞ്ഞുങ്ങള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.