പത്തനംതിട്ട : സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ നവീകരിച്ച് സ്മാര്‍ട്ട് ആകുന്നതിൻ്റെ ഭാഗമായി ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ ഇന്ന് നിര്‍വഹിക്കും.
കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങ് വില്ലേജ് ഓഫീസ് അങ്കണത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ രാവിലെ 11.30 ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ചെറുകോല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചെറുകോല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞ് 3.30 ന് ഇടമണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയ ഹാളില്‍ നടക്കുന്ന ചേത്തക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും.