കോഴിക്കോട് : താമരശ്ശേരിയില്‍ വിദ്യാർഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു. എളേറ്റില്‍ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
എളേറ്റില്‍ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററില്‍ പത്താം ക്ലാസുകാരുടെ പരിപടിയുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിനു കാരണമാക്കി. ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടല്‍. സംഭവത്തില്‍ 5 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞതിനു ശേഷം ട്യൂഷൻ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്‌എസ്‌എസ് വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റില്‍ സ്കൂള്‍ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ സെന്ററില്‍ പഠിക്കാത്ത വിദ്യാർഥികളും ചേർന്നാണ് ഏറ്റുമുട്ടിയത്. വൈകീട്ട് ആറരയോടെ താമരശ്ശേരി- വെഴുപ്പൂർ റോഡിലെ ചയക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മില്‍ത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെ നിന്നു പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട് റോഡിനു സമീപത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.
തലയ്ക്കു ക്ഷതമേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ സുഹൃത്തുക്കള്‍ ചേർന്നു വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തിരുന്നു.
തുടർന്ന് വീട്ടുകാർ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഷഹബാസിന്റെ തലച്ചോറില്‍ ആന്തരിക രക്തസ്രാവവും ചെവിക്കു സമീപം എല്ലിനു പൊട്ടലുമുണ്ടായിരുന്നു. ഒരു ദിവസത്തിലേറെ ആശുപത്രിയില്‍ വെന്റിലറ്റേറില്‍ കഴിഞ്ഞ വിദ്യാർഥി ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു.