പത്തനംതിട്ട: ഓമല്ലൂർ വയൽവാണിഭത്തിന്റെ ചരിത്രം തലമുറകൾക്ക് കണ്ട് മനസ്സിലാക്കുന്നതിന് സ്മാരകം നിർമ്മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓമല്ലൂരിലെ കാർഷിക വിപണന മേളയായ വയൽവാണിഭത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം മാർക്കറ്റ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുത്തൻ തലമുറയ്ക്കും സന്ദർശകർക്കും ഓമല്ലൂരിന്റെ വേരുകൾ മനസിലാക്കാൻ നാടിനെ സംസ്കാരത്തിൻറെ അടയാളങ്ങളായ കാർഷിക സാമഗ്രികകൾ സ്മാരകത്തിൽ പ്രദർശിപ്പിക്കും. അടുത്ത വാണിഭത്തിന് മുൻപ് സ്മാരകം യാഥാർത്ഥ്യമാക്കും. ഇതിനായി എംഎൽഎ ഫണ്ട് വിനിയോഗിക്കും.
എല്ലാവരും ഒരുമയോടെ നാടിൻറെ കാർഷിക സംസ്കാരത്തിനായി നിലകൊള്ളുന്നതാണ് വാണിഭത്തെ മനോഹരമാക്കുന്നത്. കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വരെ കച്ചവടത്തിനായി ഇവിടെ എത്തുന്നുണ്ട്. കർഷകരുടെ ക്ഷമയോടെയുള്ള അധ്വാനത്തിന്റെ ഫലമാണ് വയൽവാണിഭത്തിൽ കാണുവാൻ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അധ്യക്ഷനായി.