മാവേലിക്കര : നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ചു സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂർ വെൺമണി കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി തോമസ് (37) ആണ് മരിച്ചത്. കറ്റാനം ജങ്ഷന് വടക്ക് ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു അപകടം.
ടിൻസി സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ടിൻസി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മാവേലിക്കരയിലുള്ള സ്കൂളിൽ രാവിലെ മക്കളെ വിട്ട ശേഷം കറ്റാനത്തെ ബ്യൂട്ടി പാർലറിലെ ജോലിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. പൊലീസ് കേസെടുത്തു.






