പത്തനംതിട്ട : പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ്. ചിറ്റാർ പോലീസ് സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
ചിറ്റാർ കൊടുമുടി പുതുപ്പറമ്പിൽ വീട്ടിൽ നിന്നും കൊടുമുടി ജയ ഭവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി റ്റി ഷെബിനെ(39) യാണ് കോടതി ശിക്ഷിച്ചത്. ഒക്ടോബർ 15 ന് വൈകിട്ട് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികപീഡനത്തിന് വിധേയയാക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ നഗ്നചിത്രം ഫോണിൽ പകർത്തുകയും ചെയ്തു. അന്നത്തെ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജേന്ദ്രൻ പിള്ളയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
വീട്ടിൽ അതിക്രമിച്ചുകടന്നതിന് ഏഴ് വർഷം കഠിനതടവും 25000 രൂപയും, പോക്സോ നിയമത്തിലെ 8, 7 വകുപ്പുകൾ പ്രകാരം 3 വർഷവും 25000 രൂപയും, പോക്സോ നിയമത്തിലെ 4(2), 3(b) വകുപ്പുകൾ അനുസരിച്ച് 20 വർഷവും രണ്ടു ലക്ഷം രൂപയുമാണ് ശിക്ഷിച്ചത്. ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതി, പിഴത്തുക ഒടുക്കുന്നുണ്ടെങ്കിൽ കുട്ടിക്ക് നൽകണം. പിഴ അടക്കാഞ്ഞാൽ ഒന്നര വർഷത്തെ അധികകഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.