ആലപ്പുഴ-ചങ്ങനാശ്ശേരി(എ.സി. റോഡ്)റോഡിന്റെ അന്തിമ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന 24 കിലോമീറ്ററുള്ള എ.സി റോഡിനെ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതിനായി റീബിൽഡ് കേരള വഴി ആദ്യ ഭരണാനുമതി ലഭിച്ച 671.66 കോടി രൂപ വിനിയോഗിച്ച് പുനർനിർമിക്കുന്ന നിർമ്മാണം അവസാനഘട്ടത്തിൽ എത്തി.
എ.സി.റോഡിലെ വലിയ പാലങ്ങളായ കിടങ്ങറ, നെടുമുടി പാലങ്ങളുടെ വീതികൂട്ടൽ പ്രവൃത്തി (ഫിനിഷിംഗ് ഒഴികെയുള്ള) പൂർത്തിയായി. പള്ളാത്തുരുത്തി വലിയ പാലത്തിന്റെ സമാന്തരപാലം നിർമാണം അറുപത് ശതമാനം പൂർത്തിയായി. തുടർ പണികളും പുരോഗമിക്കുകയാണെന്ന് മേൽനോട്ടം വഹിക്കുന്ന കെ.എസ്.ഡി.പി.അധികൃതർ അറിയിച്ചു.
അഞ്ച് സെമിഎലിവേറ്റഡ് ഫ്‌ളൈഓവറുകള്‍ (ഒന്നാംകര, മങ്കൊമ്പ്, നസ്രത്ത്, ജ്യോതി, പണ്ടാരക്കളം) പൂർത്തിയായി ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടുണ്ട്. 14 ചെറിയ പാലങ്ങളുടെ പുനർനിർമ്മാണവും മൂന്ന് കോസ് വേകളുടെ നിർമ്മാണവും പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് നൽകിയിട്ടുണ്ട്. 7 കി.മീ ഭൂമി നിരപ്പാക്കല്‍ പ്രവൃത്തികളിൽ 99ശതമാനം പൂർത്തിയായി. റോഡ് നിർമ്മാണം 98 ശതമാനം പൂർത്തീകരിച്ചു.
നിലവിലുണ്ടായിരുന്ന 8-9 മീറ്റർ വീതിയിലുള്ള ടാർ ഉപരിതലം 10 മീറ്റർ വീതിയുള്ള രണ്ടുവരി പാതയാക്കിയും ഇരുവശത്തുമുള്ള നടപ്പാത കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടി ഉയർത്തി നിർമ്മിച്ചു.
നവീകരിക്കുന്ന റോഡിനും ഫ്‌ളൈഓവറിനും വാഹന ഗതാഗതത്തിന് 10 മീ വീതിയുള്ള രണ്ട് വരി പാതയും ഇരുവശത്തും നടപ്പാതയും ഉൾപ്പെടെ 13 മീ വരെ വീതിയുണ്ട്. നടപ്പാതയുടെ അടിയിൽ ഒരു വശത്ത് ഓടയും മറുവശത്ത് ഓടയും ഡക്ടും നൽകിയിട്ടുണ്ട്. ജി എസ് ബി, ഡബ്ല്യൂ എം എം, ടു ലയർ, ഡി ബി എം, ബി സി പ്രവൃത്തികളാണ് റോഡ് നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 5 സ്ഥലങ്ങളിൽ സെമി എലിവേറ്റഡ് ഫ്‌ളൈഓവറുകളും, സർവ്വീസ് റോഡും നൽകിയാണ് ക്രമീകരിച്ചിട്ടുള്ളത്.
റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി മൂന്ന് ഇടങ്ങളിൽ കോസ് വേ നൽകിയിട്ടുണ്ട്. വലിയ പാലങ്ങളായ കിടങ്ങറ, നെടുമുടി പാലങ്ങൾ ഒരു വശത്തേയ്ക്ക് വീതികൂട്ടിയാണ് പുനർനിർമ്മിക്കുന്നത്.
കുട്ടനാടിന്റെ മണ്ണിന്റെ ഘടന പരിഗണിച്ച് ഏഴ് കി.മീ നീളത്തിൽ ഭൂമി നിരപ്പാക്കല്‍ പ്രവൃത്തികളും റോഡ് സുരക്ഷയുടെ ഭാഗമായി ക്രാഷ് ബാരിയറും ആവശ്യമായ മറ്റ് അനുബന്ധ സംവിധാനങ്ങളും ലൈറ്റുകളും വെയിറ്റിംഗ് ഷെഡും പുനര്‍നിര്‍മ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ റോഡ് പൂർണമായും തുറന്നു നൽകാൻ ലക്ഷ്യമിട്ട് പണികൾ അതിവേഗം പുരോഗമിക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ എ സി റോഡിന്റെ നിര്‍മ്മാണച്ചെലവ് 880.72 കോടിയാകും.