എറണാകുളം : മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു.കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നൽകി വരികയായിരുന്നു. ചികിത്സക്കിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു.
ആനയുടെ മസ്തകത്തിലെ മുറിവ് ഒരു അടിയോളം ആഴത്തിലുള്ളതായിരുന്നു. വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്ചയാണ് മയക്കുവെടിവച്ച് പിടികൂടിയത്.ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിത്സ നടത്തി വരുകയായിരുന്നു.കോടനാട്ട് എത്തിച്ച ശേഷം ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു.
ജനുവരി 15 മുതലാണ് മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കാണാൻ തുടങ്ങിയത് .തുടർന്ന് 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാൽ വൃണത്തിൽ പുഴുവരിച്ചനിലയില്‍ കണ്ടതോടെയാണ് ആനയെ പിടികൂടി വിദഗ്‌ധ ചികിത്സക്കായി കോടനാട്ട് എത്തിച്ചത്.