ആലപ്പുഴ: ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കുളവാഴ ബാധിത പ്രദേശങ്ങൾ ഒഡീഷയിൽ നിന്നുള്ള വിദഗ്ദ സംഘം സന്ദർശിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര കൃഷി ഗവേഷണ കേന്ദ്രത്തിലെ (ICRISAT) ശാത്രജ്ഞനായ ഡോ. അവിരാജ് ദത്തയുടെ നേത്യത്വത്തിലാണ് ത്രിദിന സന്ദർശനത്തിന് എത്തിയത്.
വിദഗ്ദ സംഘം കൃഷി മന്ത്രി പി പ്രസാദുമായും ജില്ലാ കളക്ടർ അലക്സ് വർഗീസുമായും കൂടിക്കാഴ്ച നടത്തി അവരുടെ പഠനങ്ങൾ വിശദീകരിച്ചു. കുട്ടനാട്ടിലെ കുളവാഴകളെ ഉപയോഗത്തിലൂടെ നിയന്ത്രിക്കുവാനുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നു. വേമ്പനാട് കായൽ സംരക്ഷണത്തിനായി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരിക്കുന്ന പ്രവർത്തികളുമായി സഹകരിക്കുവാൻ സംഘം സന്നദ്ധത പ്രകടിപ്പിച്ചു. ഒഡീഷയിൽ കർഷകർ ഉൽപ്പാദിപ്പിച്ച കുളവാഴയിൽ നിന്നുള്ള ജൈവ വളം മന്ത്രിക്കും കളക്ടർക്കും സമ്മാനിച്ചു.
സന്ദർശനത്തിൻ്റെ ഭാഗമായി വിദഗ്ദ സംഘം കുട്ടനാട് കായൽ ഗവേഷണ കേന്ദ്രം, മങ്കൊമ്പ് ഡോ. എം. എസ്. സ്വാമിനാഥൻ സ്മാരക നെല്ല് ഗവേഷണ കേന്ദ്രം, കുളവാഴ ബാധിത പ്രദേശങ്ങൾ തുടങ്ങിയവ സന്ദർശിച്ച് ഉദ്യോഗസ്ഥരും കർഷകരുമായി ചർച്ച നടത്തി. കുളവാഴകളെ വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുവാനുള്ള മാർഗ്ഗങ്ങൾ വിലയിരുത്തി.






