ആറന്മുള : ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ സത്ര അങ്കണത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി . 1937 ജനുവരി 20 ന് ആറന്മുളയിൽ എത്തിയ ഗാന്ധിജി കസേര ഇട്ട് പമ്പാ നദിയിലേക്ക് കണ്ണുനട്ടിരുന്ന അതെ ഇടത്താണ് സംഗമം സംഘടിപ്പിച്ചത്.
എൺപത്തി എട്ട് വർഷം മുൻപ് ചെങ്ങന്നൂർ വഴി ഗാന്ധിജി ആറന്മുളയിലെത്തി ക്ഷേത്ര ദർശനം നടത്തിയതും കൊട്ടും കുരവയും വഞ്ചിപ്പാട്ടും കോൽക്കളിയും എല്ലാമായി തിങ്ങിയ പുരുഷാരം സ്വീകരിച്ചതും തുടർന്ന് സത്രത്തിലേക്ക് ആനയിച്ചു. വിശ്രമത്തിന് ശേഷം കെട്ട് വള്ളങ്ങൾ കൂട്ടി കെട്ടി അതിൽ കസേരയിട്ടിരുത്തി അക്കരെ തോട്ടപ്പുഴശ്ശേരി കരയോട് ചേർന്ന മണൽ പരപ്പിൽ ആയിരങ്ങളെ സാക്ഷിയാക്കി അദ്ദേഹം പ്രസംഗിച്ച് മടങ്ങിയതും ചടങ്ങിൽ അനുസ്‌മരിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആറന്മുള – മലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഷീജാ റ്റി ടോജി, മിനി ജിജു ജോസഫ്, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെവി സാംബദേവൻ, ചരിത്രകാരൻ കെപി ശ്രീരംഗനാഥൻ, പ്രൊഫ വിആർ രാധാകൃഷ്ണൻ നായർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനില സുനില്‍ എന്നിവർ പ്രസംഗിച്ചു.
പ്രൊഫ രാധാകൃഷ്ണൻ നായർ ഗാന്ധിജിയെ അനുസ്മരിച്ച് വഞ്ചിപ്പാട്ട് പാടി. ആറന്മുള എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ ആലപിച്ച മാനവ ഗീതത്തോടെ ആയിരുന്നു ചടങ്ങുകൾക്ക് തുടക്കമായത്. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു
ഗാന്ധിജിയുടെ പാദസ്പർശം ഏറ്റ സ്ഥലത്ത് സത്രം വളപ്പിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിന് സർക്കാർ 8.70 ലക്ഷം രൂപ അനുവദിച്ച കാര്യം മുൻ എം എൽ എ രാജു എബ്രഹാം യോഗത്തിൽ പറഞ്ഞു.
ആറന്മുള വികസന സമിതി ഭാരവാഹികളായ പിആർ രാധാകൃഷ്ണൻ നായർ, അശോകന്‍ മാവുനില്‍ക്കുന്നതില്‍, ഗിരീഷ് കണ്ണങ്കേരില്‍, തോമസ് മാത്യു കുന്നത്ത് , ആറന്മുള എഞ്ചിനീയറിംഗ് കോളേജ് എന്‍ എസ്. എസ്. കോര്‍ഡിനേറ്ററായ അനു ജി സോമന്‍, ഭാരത് വാഴുവേലില്‍ എന്നിവർ നേതൃത്വം നൽകി.






