തിരുവല്ല: ഡാളസിൽ കാലം ചെയ്ത ബിലീവേഴ്‌സ് ചർച്ച് പ്രഥമ മെത്രാപ്പോലീത്ത മോർ അത്തനേഷ്യസ് യോഹാന്റെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിൽ നടന്നു.
ഇന്ന് രാവിലെ ഒമ്പതരയോടെ ഏഴാം ഘട്ട ശുശ്രൂഷകൾ പൂർത്തിയാക്കി ഭൗതിക ശരീരം ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ നിന്ന് വിലാപയാത്രയായി പള്ളിയിൽ എത്തിച്ചു. ഇവിടെ വച്ച് അവസാന ഘട്ട ശുശ്രൂഷകൾ നടത്തി. മദ്ബഹായോട് ചേർന്ന് ഒരുക്കിയിട്ടുള്ള പ്രത്യേക കബറിൽ മാർപ്പാപ്പാമാരുടെ കബറടക്കം പോലെ ഭൗതിക ശരീരം കിടത്തി സംസ്‌കരിച്ചു.
വിവിധ സഭകളിലെ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ നടത്തിയ ശുശ്രൂഷകൾക്കു ശേഷമായിരുന്നു കബറടക്കത്തിന്റെ എട്ടാമത്തേതും അവസാനത്തേതുമായ ശുശ്രൂഷകൾ ആരംഭിച്ചത്. ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് അഡ്മിനിസ്‌ട്രേറ്റർ സാമുവൽ മാർ തിയോഫിലോസ് എപ്പിസ്‌കോപ്പ മുഖ്യ കാർമ്മികത്വം വഹിച്ചു.
പൊതുദർശനം നടന്ന കൺവൻഷൻ സെന്ററിൽ നിന്ന് പ്രാരംഭ പ്രാർത്ഥനകൾക്കു ശേഷം കത്തീഡ്രൽ ദേവാലയത്തിലേയ്ക്ക് വിലാപയാത്ര ആരംഭിച്ചു. എറ്റവും മുന്നിൽ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും നടന്നു നീങ്ങി. അവർക്കു പിന്നിൽ സ്വർണ്ണക്കുരിശേന്തിയ വൈദികനും പിന്നിൽ കത്തിച്ച മെഴുകുതിരികൾ പിടിച്ച പുരോഹിതർ. ഏറ്റവും പിന്നിലായി മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരം പേറിയ ആംബുലൻസ് പതിയെ നീങ്ങി. വിലാപയാത്ര ദേവാലയത്തിൽ എത്തിയതോടെ രണ്ടു ഘട്ടങ്ങളിലായുള്ള അന്ത്യകർമ്മങ്ങൾ തുടങ്ങി.
ബ്രസീലിലെ ബോറു ഉൾപ്പെടെ 14 ഭാഷകളിലാണ് അന്ത്യകർമ്മങ്ങൾ നടന്നത്. പ്രാരംഭ പ്രാർത്ഥനകൾക്കു ശേഷം കാലം ചെയ്ത മെത്രാപ്പോലീത്ത കൂദാശ ചെയ്ത ത്രോണോസിനോടും മദ്ബഹയോടും പുരോഹിതരോടും സന്യാസിനിമാരോടും വിശ്വാസ സമൂഹത്തോടും ലോകത്തോടും യാത്ര ചോദിക്കുന്ന വികാരനിർഭരമായ ചടങ്ങ് നടന്നു.
മുഖ്യകാർമികനും സഹകാർമ്മികരും വൈദിക ശ്രേഷ്ഠരും ധൂപപ്രാർത്ഥന നടത്തുകയും കുന്തിരിക്കം മൃതശരീരത്തിൽ വർഷിക്കുകയും ചെയ്തു. 1000 കിലോ കുന്തിരിക്കമിട്ടാണ് കല്ലറ തയ്യാർ ചെയ്തത്.
മാർത്തോന്മാ സഭയിലെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, തോഴിയൂർ സഭയിലെ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്‌സ് സഭയിലെ ജോൺ മോർ ഐറേനിയോസ്, മാത്യൂസ് മാർ സിൽവാനിയോസ്, ദാനിയേൽ മാർ തിമോഥേയോസ് എന്നിവർ സഹകാർമികരായി.