പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 നു ആരംഭിക്കുന്ന അതിരാത്ര യാഗത്തിന് തയ്യാറാക്കിയിരിക്കുന്ന യജ്ഞ വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ധ്വജം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഏപ്രിൽ 15 തിങ്കളാഴ്ച്ച രാവിലെ 9.30 നു ആരംഭിക്കും. തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിൽ പൂജിക്കുന്ന ധ്വജം കവടിയാർ കൊട്ടാരത്തിലെ ആദിത്യവർമ ഏറ്റുവാങ്ങി അതിരാത്ര സംഘാടകർക്ക് കൈമാറും. വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രത്തിൽ എത്തുന്ന ധ്വജം യോഗ ക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രാത്രി 8 ന് യജ്ഞഭൂമിയിൽ പ്രതിഷ്ഠിക്കും.
യാത്രക്കു വിവിധ ക്ഷേത്രങ്ങൾ സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം ആറ്റുകാൽ ദേവി ക്ഷേത്രത്തിലെത്തുന്ന ധ്വജ ഘോഷയാത്ര സീകരണങ്ങളേറ്റു വാങ്ങി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും തുടർന്ന് കരിക്കകം ശ്രിചാമുണ്ടീ ക്ഷേത്രത്തിലെത്തി ഉച്ചക്ക് 2.30 ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിശ്രമിക്കും.
തുടർന്ന് വെട്ടിക്കവല മഹാദേവർ ക്ഷേത്രം, പട്ടാഴി ദേവീ ക്ഷേത്രം, കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രം, പത്തനാപുരം കവലയിൽ ഭഗവതി ക്ഷേത്രം, കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രം, കൂടൽ ശ്രീദേവി ക്ഷേത്രം, കോന്നി മഠത്തിൽകാവ് ഭഗവതി ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ശ്രീമഹാദേവർ ക്ഷേത്രം, കോന്നി ചിറക്കൽ ധർമശാസ്താ ക്ഷേത്രം തുടങ്ങിയ പുണ്യ സ്ഥാനങ്ങൾ സന്ദർശിച്ചും സ്വീകരണങ്ങൾ ഏറ്റു വാങ്ങിയും വൈകിട്ട് 8 മണിയോടെ ഇളകൊള്ളൂർ ശ്രി മഹാദേവർ ക്ഷേത്രത്തിൽ ഒരുക്കിയ യജ്ഞ ശാലയിൽ എത്തി ചേരും. തുടർന്നാണ് ധ്വജ പ്രതിഷ്ഠ നടക്കുക.
ഏപ്രിൽ 21 മുതൽ മെയ് 1 വരെയാണ് അതിരാത്രം നടക്കുക.