ആലപ്പുഴ : കുടിവെള്ളം കിട്ടാനുള്ള സൗകര്യമൊരുക്കണം എന്ന ആവശ്യവുമായാണ് വെളിയനാട് പഞ്ചായത്തിലെ ബിന്ദു സജീവ് ആലപ്പുഴ ജില്ലയിലെ തദ്ദേശ അദാലത്തിലെത്തിയത്. ഭിന്നശേഷിക്കാരനായ മകനുമൊത്ത് ഒരു ഷെഡിലാണ് വിധവയായ ബിന്ദു ജീവിക്കുന്നത്. ഇതിനൊപ്പം തന്നെ ഒരു ട്യൂഷൻ സെന്ററും, ചെറിയ കച്ചവട സ്ഥാപനവും നടത്തുന്നു. മഴവെള്ളത്തെ മാത്രം ആശ്രയിച്ചാണ് ജീവിതം. വേനൽക്കാലമാവുമ്പോൾ വലിയ പണം കൊടുത്ത് വെള്ളം വാങ്ങേണ്ടി വരുന്നു. ഈ സങ്കടങ്ങൾ ബിന്ദു അദാലത്തിന് മുമ്പിൽ അവതരിപ്പിച്ചു.
കുടിവെള്ള കണക്ഷൻ ലഭിക്കാൻ, ബിന്ദുവിന് മുന്നിലുള്ള തടസങ്ങൾ പലതായിരുന്നു. സാങ്കേതികവും, നിയമപരമായ തടസങ്ങൾ മൂലം പഞ്ചായത്തിൽ നിന്നുള്ള നമ്പർ കിട്ടില്ല എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട തടസം. ഈ സ്ഥലം നിലത്തിൽ പെട്ടതാണ്, ഷെഡ് ആയതിനാൽ നമ്പർ നൽകാനാകില്ല, വ്യത്യസ്ത ഉപയോഗത്തിനുള്ള കെട്ടിടമായതിനാൽ താത്കാലിക നമ്പർ പോലും നൽകാൻ വ്യവസ്ഥയില്ല. ഇങ്ങനെ നീളുന്നു തടസങ്ങൾ. എങ്കിലും ബിന്ദുവിന്റെ കണ്ണീർ തുടയ്ക്കാൻ തദ്ദേശ അദാലത്ത് തീരുമാനമെടുത്തു.
ബിന്ദുവിന് താത്കാലിക നമ്പർ അനുവദിക്കാൻ ഉത്തരവിടുകയും, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അദാലത്തിൽ വെച്ച് തന്നെ കൈമാറുകയും ചെയ്തു.
ഈ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ ഇനി ബിന്ദുവിന് കുടിവെള്ള കണക്ഷൻ ലഭിക്കും. ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടാണ് തദ്ദേശ അദാലത്ത് ആലപ്പുഴയിൽ പൂർത്തിയാകുന്നത്.