ന്യൂഡല്‍ഹി: രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി സേവനങ്ങള്‍ നിര്‍ത്തും. ഉപയോക്താക്കള്‍ക്ക് 4ജിക്കൊപ്പം 3ജി സേവനം ലഭിക്കില്ല. നിലവില്‍ രാജ്യത്ത് 97,841 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനാണ് ഒരുക്കം.
ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് രാജ്യത്താകെ 58,919 എണ്ണം 3ജി ടവറുകളാണുള്ളത്. 5,863 പട്ടണങ്ങളില്‍ 3ജി സേവനങ്ങള്‍ എത്തുന്നു. നിലവില്‍ 3ജി സേവനത്തിന് കമ്പനിയുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി സെഡ്ടിഇ എന്നിവയുമായുള്ള കരാറും ബിഎസ്എന്‍എല്‍ അവസാനിപ്പിക്കും.
3ജി സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ ഇതുവരെയും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച നടപടി സ്വീകരിക്കണമെന്ന് എല്ലാ സര്‍ക്കിളുകളിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.






