പത്തനംതിട്ട : വയോധികയുടെ സ്വർണം തിരികെ കൊടുക്കാത്ത സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ കേസെടുത്ത് പത്തനംതിട്ട പോലീസ്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം നാഷണൽ യുപി സ്കൂളിന് സമീപം എടത്തറ പുത്തൻവീട്ടിൽ റോസമ്മ ദേവസി (73)യുടെ മൊഴി പ്രകാരം എസ് ഐ ബി കൃഷ്ണകുമാറാണ് കേസെടുത്തത്.
വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തൻവീട്ടിൽ സാറാമ്മ മത്തായി മകൾ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തത്.
റോസമ്മ ദുബായിൽ ജോലി ചെയ്യുന്ന ഏകമകളുടെ അടുത്തേക്ക് പോയപ്പോൾ വീട്ടിലിരുന്ന 80 പവന്റെ സ്വർണാഭരണങ്ങൾ, തിരികെ വരുമ്പോൾ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു സഹോദരി സാറാമ്മ മത്തായിയെ ഏൽപ്പിക്കുകയായിരുന്നു
പോലീസ് ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ, സിബി എട്ടു പവൻ സ്വർണം തിരിച്ചുകൊടുത്തു. ബാക്കിയുള്ള 72 പവൻ വിവിധ സ്വർണാഭരണങ്ങൾ റോസമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും, കുമ്പഴയിലെ ഒരു ഷെഡ്യൂൾഡ് ബാങ്കിലും പണയം വച്ചതായി വെളിവായിട്ടുണ്ട്. സിബിയുടെയും മകന്റെയും പേരിലാണ് പണയം വച്ചിരിക്കുന്നത്. ഇവ തിരികെ നൽകാതെ വിശ്വാസവഞ്ചന കാട്ടി എന്നതിനാണ് കേസെടുത്തത്. റോസമ്മയുടെ ഭർത്താവ് 27 വർഷം മുമ്പ് മരണപ്പെട്ടു. മകൾ കുടുംബമായി വിദേശത്താണുള്ളത്. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആർ വി അരുൺ കുമാറിന്റെ മേൽനോട്ടത്തിൽ കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.