ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു
ചെങ്ങന്നൂര്‍: കുറ്റകൃത്യത്തിലുൾപ്പെട്ട് പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. 2000 -ത്തില്‍ ചെങ്ങന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പ്രതിയായ നൂറനാട് പാലമേല്‍ മുതുകാട്ടുകര നെടിയത്ത് വീട്ടിൽ ആട് നാസർ എന്നു വിളിക്കുന്ന നാസർ(50), 2011 ല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്ടറെ ദേഹോപദ്രവമേല്പിിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കടപ്ര, ശശിഭവനത്തിൽ അജീഷ് കുമാർ (41) എന്നിവരെയാണ് പിടികൂടിയത്.
ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം കോടതി നടപടികള്ക്കു വിധേയരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. നാസറിനെ 2009 ലും അജീഷ് കുമാറിനെ 2016 ലും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. കോടതി നിരവധി തവണ അറസ്റ്റു വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. തുടർന്നാണ് കോടതി എൽ.പി. വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
പിടികിട്ടാനുള്ള പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതിന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ആരംഭിച്ച പ്രത്യേക നടപടികളുടെ ഭാഗമായി ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി രാജേഷ്. എൻ ന്റെ നിദ്ദേശാനുസരണമാണ് അറസ്റ്റ്.
ചെങ്ങന്നൂർ എസ്.എച്ച്.ഒ. ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ വിനോജ്, അനിലാ കുമാരി, ഗീതു, സിപിഒ മാരായ പ്രവീൺ, മസീഹ്, മനോജ് എന്നിവരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.