ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ ആറന്മുള കോട്ട ശ്രീശൈലം വീട്ടിൽ വിശാൽ(19) വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി.മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ.
കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യൻ കോളേജിലെ ബിരുദ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ ഒരുക്കിയ പരിപാടിയിൽ എത്തിയപ്പോൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്ന് മരിച്ചു .
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് അറസ്റ്റിലായത്. വിചാരണവേളയിൽ സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ മൊഴി മാറ്റിയിരുന്നു.13 വർഷം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് വിധി വന്നിരിക്കുന്നത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.






