പത്തനംതിട്ട : തിരക്കേറിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ താൽക്കാലിക അത്യാഹിത വിഭാഗം ചോർന്നൊലിക്കുന്നതായി പരാതി. മേൽക്കൂരയിലെ കോൺക്രീറ്റ് ഭാഗങ്ങൾ ചിലയിടങ്ങളിൽ അടർന്നു വീഴാൻ തുടങ്ങിയതും രോഗികൾക്ക് ഭീഷണിയാകുന്നു.
അത്യാഹിത വിഭാഗത്തിലെ മേൽക്കൂരയിൽ നിന്ന് കഴിഞ്ഞ ദിവസം കോൺക്രീറ്റ് ഭാഗം അടർന്നു നിലത്തു വീണു. ഒരു രോഗിയും ഗർഭിണിയും ഇതിൽനിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്.
ജനറൽ ആശുപതിയിൽ ബി ആൻഡ് സി ബ്ലോക്ക് ആണ് കാലപ്പഴക്കത്തെ തുടർന്നുള്ള ശോച്യാവസ്ഥയെ നേരിടുന്നത്. കെട്ടിടം പുനർനിർമിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.
ജനറൽ ആശുപത്രിയിൽ പുതിയ ഒ പി ബ്ലോക്കിൻ്റെയും അത്യാഹിത വിഭാഗത്തിന്റെയും പുനർനിർമാണ ജോലികൾ നടക്കുന്നതിനാലാണ് ബി ആൻഡ് സി ബ്ലോക്കിലേക്ക് നിലവിലുള്ള സംവിധാനങ്ങൾ മാറ്റിയത്. കാത് ലാബ്, ഐഡിയു, രക്തബാങ്ക്, ന്യൂറോ ഐസിയു, എംഐസിയു, കുട്ടികളുടെയും ഗർഭിണികളുടെയും വാർഡ് എന്നിവയാണ് ഈ ബ്ലോക്കിൽ പ്രവർത്തിക്കുന്നത്. പഴയ ആശുപത്രി കെട്ടിടം പൊളിച്ചു നീക്കിയതോടെയാണ് സൗകര്യങ്ങൾ ഇവിടേക്ക് മാറ്റിയത്. ബലക്ഷയമുള്ള ഈ കെട്ടിടത്തിൽ നിൽക്കുന്നതാണ് രോഗികൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും ഭീഷണിയായിരിക്കുന്നത്.
പകരം സംവിധാനം ഒരുക്കി ആശുപത്രിയിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.