കോട്ടയം : ലോകമെമ്പാടുമുള്ള ക്രൈസ്തവർ വലിയ നോമ്പിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ ഏഴ് പ്രമേയങ്ങൾ അടിസ്ഥാനപ്പെടുത്തി ഹരിതനോമ്പ് ആചരിക്കാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആഹ്വാനം ചെയ്തു. നോമ്പിന്റെ ഏഴ് ആഴ്ച്ചകളിലായി പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. ജലസംരക്ഷണം,മാലിന്യ ലഘൂകരണം, പരിസ്ഥിതി സന്തുലിതാവസ്ഥയുടെ പുതുക്കം, ഊർജ സംരക്ഷണം, സൃഷ്ടി പരിപാലനം, പരിസ്ഥിതി സൗഹൃദ റോഡ് ഗതാഗതം എന്നിവയാണ് ഹരിത നോമ്പ് വിഭാവനം ചെയ്യുന്നത്.
ദൈവാലയങ്ങളിലും,സഭാ സ്ഥാപനങ്ങളിലും മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള സെമിനാറുകളും,ജല ഓഡിറ്റിങും നടത്തും.പൊതുസ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുക , ഉറവിട മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുക, പള്ളികൾ വീൽചെയർ സൗഹൃദമാക്കുക തുടങ്ങിയ കാര്യങ്ങൾ നോമ്പുകാലത്ത് നടപ്പിലാക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് സഭയുടെ ഇക്കോളജിക്കൽ കമ്മീഷൻ പ്രസിഡന്റ് ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ഇതിന് പുറമേ ദൈവാലയങ്ങളിലെ ആവശ്യങ്ങൾക്കായുള്ള പേപ്പർ,പ്ലാസ്റ്റിക്ക് നിർമ്മിത ഗ്ലാസുകളുടെയും,പാത്രങ്ങളുടെയും ഉപയോഗം പരമാവധി കുറയ്ക്കണം. ഊർജ സംരക്ഷണത്തിന്റെ പ്രധാന്യം സമൂഹത്തിലേക്ക് എത്തിക്കാൻ ഒരു ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾ പൂർണമായും മെഴുകുതിരി വെളിച്ചത്തിൽ നടത്തും. CANDLE LIGHT WORSHIP ലൂടെ വൈദ്യുതി ഉപഭോഗം കുറച്ച് മാതൃക തീർക്കും.പരിസ്ഥിതി സൗഹൃപരമായ റോഡ് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാർ രഹിത ഞായർ ആചരിക്കാം. ഒന്നിലധികം ആളുകൾ ഒരുമിച്ച് ഉപയോഗിക്കുന്ന കാർ പൂളിങ് നടപ്പാക്കും. വാഹനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി അയൽക്കാർ ഒരുമിച്ച് വാഹനത്തിൽ ദൈവാലയത്തിലേക്ക് എത്താൻ ശ്രമിക്കണം. വലിയ നോമ്പിന്റെ ആരംഭ ദിവസം കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഹരിത നോമ്പിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.