അയോദ്ധ്യ : അയോദ്ധ്യാ രാമക്ഷേത്രത്തിൽ ഇന്ന് ധർമ്മധ്വജാരോഹണം. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായത് വിളംബരം ചെയ്യുന്ന ധ്വജാരോഹണം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്,ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.11.58-നും ഒരു മണിക്കും ഇടയിലാണ് ചടങ്ങ്.
പരമ്പരാഗത ഉത്തരേന്ത്യൻ ഭാരതീയ നാഗര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിലായിരിക്കും പതാക ഉയർത്തുക .പത്ത് അടി ഉയരവും ഇരുപത് അടി നീളവുമുള്ള ലംബകോൺ ത്രികോണാകൃതിയിലുള്ള പതാകയിൽ ഭഗവാൻ ശ്രീരാമൻ്റെ മഹിമയും വീര്യവും പ്രതിനിധാനം ചെയ്യുന്ന തേജസ്സുള്ള സൂര്യൻ്റെ ചിത്രവും കോവിദാര വൃക്ഷത്തിൻ്റെ ചിത്രത്തോടൊപ്പം ‘ഓം’ എന്ന ലിഖിതവും ആലേഖനം ചെയ്തിട്ടുണ്ട്.
സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി അയോധ്യയിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്തും. രാവിലെ മോദി സാകേത് കോളേജിൽ നിന്നും അയോധ്യാധാമിലേക്ക് റോഡ് ഷോ നടത്തും.2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അയോധ്യയിൽ സുരക്ഷാ വിന്യാസം ശക്തമാക്കി.






