വാഷിംഗ്‌ടൺ : യുക്രൈൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലൻസ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി.
“റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഞങ്ങൾ വിജയകരമായി നടത്തിവരികയാണ്.ട്രംപിനു മാത്രമേ അതു സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.’’ ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധത്തിനുത്തരവാദി യുക്രൈനാണെന്ന് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ബൈഡൻ ഭരണകൂടം റഷ്യയ്‌ക്കെതിരെ പോരാടുന്ന യുക്രൈന് പണമായും ആയുധങ്ങളായും സഹായങ്ങള്‍ നല്‍കിവന്നിരുന്നു. എന്നാൽ ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ അമേരിക്കന്‍ നിലപാടുകൾ മാറി.
2019ൽ യുക്രൈനില്‍ അധികാരത്തിലെത്തിയ സെലന്‍സ്‌കി റഷ്യയുമായുള്ള യുദ്ധം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് ഭരണത്തില്‍ തുടരുകയാണ്.