തിരുവനന്തപുരം : കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പ്രധാന ട്രെയിനുകള്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി ഒഴിവാക്കുന്നു. ഇവയെ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റാനാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ ഇതിന് തത്വത്തില്‍ അനുമതി നല്കി.
2027 ജനുവരി ഒന്നു മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തില്‍നിന്ന് എക്സ്പ്രസിലേക്ക് മാറുന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകും. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ക്ക് അധികമായി ഈടാക്കുന്ന സപ്ലിമെന്ററി ചാര്‍ജായ 15 രൂപ മുതല്‍ 45 രൂപ വരെയുള്ള തുക ഇനി നല്‍കേണ്ടിവരില്ല.
എന്നാൽ ട്രെയിനുകളുടെ സമയക്രമത്തിലോ സ്റ്റോപ്പുകളിലോ മാറ്റമുണ്ടാകില്ല. നിലവിലെ സര്‍വീസ് രീതിയില്‍ തന്നെ ട്രെയിനുകള്‍ തുടരും. കോഴിക്കോട-്തിരുവനന്തപുരം ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ നമ്പര്‍ 12075 എന്നതില്‍നിന്ന് 16375 ആയി മാറും. മടക്കയാത്രയിലെ തിരുവനന്തപുരം- കോഴിക്കോട് ട്രെയിനിന്റെ നമ്പര്‍ 12076 എന്നതില്‍നിന്ന് 16376 ആകും. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിനും പുതിയ നമ്പര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലെ 12081 എന്ന നമ്പര്‍ മാറി 16379 ആകും.
തിരുവനന്തപുരം-കണ്ണൂര്‍ സര്‍വീസിന്റെ 12082 എന്ന നമ്പര്‍ 16380 ആയും മാറും. ഈ രണ്ട് ജനശതാബ്ദി സര്‍വീസുകളും ഇനി എക്സ്പ്രസ് വിഭാഗത്തിലായിരിക്കും. എറണാകുളം-പട്ന ബൈവീക്കിലി എക്സ്പ്രസിന്റെ നമ്പര്‍ 22643 എന്നതില്‍നിന്ന് 16359 ആകും. പട്ന-എറണാകുളം സര്‍വീസിന്റെ 22644 എന്ന നമ്പര്‍ 16360 ആയും മാറും. തിരുവനന്തപുരം നോര്‍ത്ത്-ലോക്മാന്യതിലക് സര്‍വീസുകളുടെ നമ്പറുകളിലും മാറ്റമുണ്ടാകും





