ശബരിമല: ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് പണം അപഹരിച്ചതിന് ദേവസ്വം താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലുർ സ്വദേശി കെ ആർ രതീഷിനെ (43)യാണ് സന്നിധാനം പോലീസ് പിടികൂടിയത്. ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 23130 രൂപയും കണ്ടെടുത്തു.
മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴിക്കെട്ടഴിക്കുന്ന താത്ക്കാലിക ജീവനക്കാരനാണ്, അറസ്റ്റിലായ കെ ആർ രതീഷ്. ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോൾ, പതിവ് പരിശോധനകൾക്കിടെ ഇയാളുടെ കൈയ്യുറക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ 3000 രൂപ അങ്ങിയ പൊതികണ്ടെടുത്തു.
തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ ബാഗിൽ സൂക്ഷിച്ച 2013O രൂപ കൂടി കണ്ടെത്തി. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ സന്നിധാനം പൊലീസ് സബ് ഇൻസ്പക്ടർ യു വിഷ്ണു, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.






