ശബരിമല : സന്നിധാനത്ത് നിന്നും പരിസരത്ത് നിന്നുമായി നവംബർ 15 മുതൽ 12 ദിവസത്തെ കാലയളവിൽ സിഗരറ്റ്സ് ആൻഡ് അദർ ടുബാകോ പ്രോഡക്ടസ് ആക്ട് 2003 പ്രകാരം എക്സൈസ് സംഘം പിഴ ചുമത്തിയത് 46,800 രൂപ. 234 കേസുകളിലായി പുകവലി, ഗുഡ്ക, പാൻ പരാഗ് ഉപയോഗം എന്നിവയിലാണ് പിഴ ചുമത്തിയത്.
സന്നിധാനത്തെ എക്സൈസ് വകുപ്പിന് കീഴിൽ മൂന്ന് സംഘങ്ങൾ 24×7 കർശന പരിശോധന നടത്തുന്നുണ്ട്. ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഓരോ സംഘത്തിലും രണ്ട് പ്രിവന്റീവ് ഓഫീസർമാർ, ഏഴ് സിവിൽ എക്സൈസ് ഓഫീസർമാർ എന്നിവരാണുള്ളത്. തിരക്കൊഴിഞ്ഞ തീർത്ഥാടന പാതകൾ, അൽപ്പം വിട്ടുമാറിയുള്ള കടകൾ, തൊഴിലാളികൾ കേന്ദ്രീകരിക്കുന്ന ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന കൂടുതലും.
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കേസുകളുടെ എണ്ണം കുറവാണെന്ന് അധികൃതർ പറഞ്ഞു. തീർത്ഥാടന കേന്ദ്രത്തിന്റെ പരിധിയിൽ അപൂർവമായുള്ള ലഹരി ഉപയോഗവും കുറഞ്ഞു വരുന്ന പ്രവണതയാണ്. ശബരിമല മദ്യം, മയക്കുമരുന്ന് നിരോധിത മേഖലയായതിനാൽ ഇവ ഉപയോഗിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്.





