പത്തനംതിട്ട: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ കൊട്ടിക്കലാശവും സ്ഥാനാർത്ഥികളും പ്രവർത്തകരും ചേർന്ന് ആവേശം വാനോളമുയർത്തി. മൂന്ന് മണിയോടെ പ്രഥാന കൊട്ടിക്കലാശത്തിനായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പത്തനംതിട്ട അബാൻ ജംഷനാണ് മുന്നണികളുടെ കൊട്ടിക്കലാശത്തിൻ്റെ സംഗമ വേദിയായത്. അബാൻ ജംഷൻ മുതൽ മനോരമ റോഡ് വരെയുള്ള ഭാഗത്ത് എൻ ഡി എ പ്രവർത്തകരും, അബാൻ ജംഷൻ മുതൽ സെൻട്രൽ ജംഷൻ വരെയുള്ള ഭാഗത്ത് യു ഡി എഫ് പ്രവർത്തകരും, അബാൻ ജംഷൻ മുതൽ പ്രൈവറ്റ് ബസ്റ്റാൻ്റ് വരെയുള്ള ഭാഗത്ത് എൽ ഡി എഫ് പ്രവർത്തകരും, കണ്ണങ്കര റോഡ് ഭാഗത്ത് ചെറു പാർട്ടികളും പ്രവർത്തകരും അണിനിരന്നു.
ചെറു പുരം കാണുന്ന കൗതുകത്തോടെ നൂറ് കണക്കിന് കാഴ്ച്ചക്കാരും തടിച്ച് കൂടി. ക്രമസമാധാന പാലനത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. പൊതുവേ രാഷ്ട്രീയ സംഘർഷങ്ങൾ കുറവുള്ള പത്തനംതിട്ട ജില്ലയിലെ കൊട്ടിക്കലാശം ഏറെ ആവേശത്തിലും സമാധാനപരമായാണ് സമാപിച്ചത്.
5 മണിയോടെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ജില്ലയിലെ പ്രധാന നേതാക്കൾക്കൊപ്പം മണ്ഡലത്തിലെ പ്രധാന കൊട്ടിക്കലാശം നടക്കുന്ന അബാൻ ജംഷനിൽ എത്തിയതോടെ പ്രവർത്തകരും ഏറെ ആവേശത്തിലായി. അലങ്കരിച്ച വാഹനങ്ങളുടെ മുകളിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും പ്രവർത്തകരെയും കാഴ്ച്ചക്കാരെയും കൈ വീശി അഭിവാദ്യം ചെയ്തപ്പോൾ പ്രവർത്തകർ കൊടികൾ വീശിയും തങ്ങളുടെ കൊടികൾക്കനുയോജ്യമായ വർണ്ണ ബലൂണുകളും വർണ്ണ പേപ്പറുകകളും പറത്തിയും നഗരത്തിൽ വർണ്ണ വിസ്മയം തീർത്തു.
കൃത്യം 6 മണി ആയതോടെ സ്ഥാനാർത്ഥികളും പ്രവർത്തകരും വാദ്യ മേളങ്ങളും ആർപ്പുവിളികളും അവസാനിപ്പിച്ച് നിശബ്ദ പ്രചരണത്തിനായി പിരിഞ്ഞു.