ന്യൂഡല്‍ഹി : പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നേടി ഭാരതം. ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള ത്രൈമാസ പാദത്തില്‍ ജിഡിപി 8.2 ശതമാനമാണ്. 7.3 ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നേടിയത് 7.8 ശതമാനം വളര്‍ച്ചയായിരുന്നു.
അമേരിക്ക ഇരട്ടത്തീരുവ അടിച്ചേല്‍പ്പിച്ചിട്ടും യുഎസിലേക്കുള്ള കയറ്റുമതിയെ ബാധിച്ചിട്ടും സാമ്പത്തിക വളര്‍ച്ചയെ അത് ബാധിച്ചില്ലെന്നാണ് കാണിക്കുന്നത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി ഭാരതം നിലനിര്‍ത്തിയിരിക്കുകയുമാണ്.
ആഭ്യന്തര ഉപഭോഗം വലിയ തോതില്‍ കൂടിയതും ഉത്പാദന, സേവന മേഖലകളില്‍ നേടിയ മികച്ച വളര്‍ച്ചയുമാണ് മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) മികച്ച നിലയിലെത്താന്‍ കാരണമായത്. ഉത്പാദന മേഖല 9.1 ശതമാനം വളര്‍ച്ച കൈവരിച്ചു.
റിയല്‍ എസ്‌റ്റേറ്റ് പ്രൊഷണല്‍ സേവന മേഖല 10.2 ശതമാനം വളര്‍ന്നു. കയറ്റുമതി വര്‍ദ്ധന, മൂലധന നിക്ഷേപത്തിലടക്കം സര്‍ക്കാരിന്റെ ധന വിനിയോഗത്തിലുണ്ടായ വര്‍ദ്ധന തുടങ്ങിയവയാണ് വളര്‍ച്ചയ്‌ക്ക് കാരണമായത്. വളര്‍ച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ് ജിഡിപി 8.2 ശതമാനമാകാന്‍ കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
വളരെയേറെ പ്രോത്സാഹനജനകമാണ് ഈ നേട്ടം. ജനങ്ങളുടെ കഠിനാധ്വാനമാണ് ഇത് കാണിക്കുന്നത്. ഓരോ പൗരന്റെയും ജീവിതം സുഗമമാക്കാന്‍ പരിഷ്‌കരണ നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.






