കോഴഞ്ചേരി : പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി സിന്ധു വി നായരെ ചെന്നൈയിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് അറസ്റ്റു ചെയ്തു.
ഫിനാൻസിയേഴ്സ് ഡയറക്ടർ എം.ഡി. ഗോപാല കൃഷ്ണൻ നായരുടെ ഭാര്യയാണ് സിന്ധു വി നായർ. സ്ഥാപനത്തിൻ്റെ ഡയറക്ടർമാരിൽ ഒരാളാണ് സിന്ധു. കേസിൽ പ്രതിയായ ഗോപാലകൃഷ്ണൻ നായരെ കൂടാതെ മകൻ ഗോവിന്ദും റിമാൻഡിൽ കഴിയുകയാണ് .പിടിയിലായ സിന്ധു വി നായരെ ഇന്ന് രാത്രിയോടെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിക്കും.
ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ മാത്രം വിവിധ സ്റ്റേഷനുകളിലായി 124 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് വിവിധ ബ്രാഞ്ചുകളിലായി നടന്നത്. പത്തനംതിട്ടയ്ക്ക് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉള്ളവർക്കാണ് നിക്ഷേപത്തിൻ്റെ പേരിൽ കോടിക്കണക്കിന് രൂപ നഷ്ടമായത്. കേസിൽ നാലാം പ്രതിയായ മരുമകളും ഒളിവിലാണ്.