കൊച്ചി: വ്യവസായിയും എമ്പുരാൻ സിനിമയുടെ സഹനിർമാതാവുമായ ഗോകുലം ഗോപാലനെ മൊഴിയെടുക്കാൻ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചേക്കും. കഴിഞ്ഞദിവസങ്ങളിലെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാകും മൊഴിയെടുക്കൽ.
കോടമ്പാക്കത്തുള്ള ഗോകുലത്തിന്റെ ആസ്ഥാന ഓഫീസിലും നീലാങ്കരയിലുള്ള വീട്ടിലും കോഴിക്കോട്ടെ കോർപ്പറേറ്റ് ഓഫീസിലുമാണ് റെയ്ഡ് നടന്നത്. ഗോകുലം ഗോപാലനിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.
പ്രവാസി ചിട്ടി നടത്തിപ്പിന്റെ ഭാഗമായി 592.54കോടി രൂപ രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഇന്ത്യൻ പൗരരിൽ നിന്ന് ഗോകുലത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഇതിൽ 220.74 കോടി ചെക്കായാണ് വാങ്ങിയത്. 371.80 കോടി പണമായി കൈപ്പറ്റി.
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരർക്ക് രാജ്യത്തെ ഏതെങ്കിലും പദ്ധതികളിൽ നിക്ഷേപിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് മുഖേനയായിരിക്കണമെന്നാണ് റിസർവ് ബാങ്ക് ചട്ടം. ഗോകുലത്തിന്റേത് ഫെമയുടെ നാല്(ബി) ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഇഡി പറയുന്നത്.