തിരുവല്ല : മാമ്മൂട്ടിൽപടി – ചിറ്റയ്ക്കാട്ട് റോഡിൻ്റെ വശത്ത് പുല്ല് വളർന്ന് അപകട ഭീഷണി ഉയർത്തുന്നു. പുല്ല് വളർന്നു നിൽക്കുന്നതിൽ ചിറ്റയ്ക്കാട്ട് ഭാഗത്ത് റോഡും പമ്പ ഇറിഗേഷൻ കനാലും ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്. അഞ്ച് അടി മുതൽ പതിനഞ്ച് അടി വരെ (മലയിൽ കളിയ്ക്കൽ ഭാഗം) താഴ്ചയും അഞ്ച് മീറ്റർ വീതിയും ഉള്ള കനാലിൽ പുറത്തുനിന്നു പരിചയമില്ലാത്ത വാഹനവുമായി വരുന്നവർ കനാലിൽ പതിക്കാൻ സാധ്യതയേറയാണ്. മുൻ കാലങ്ങളിൽ വാഹനം കനാലിൽ വീണതായി പ്രദേശവാസികൾ പറഞ്ഞു.
വേനൽക്കാലത്ത് കുറ്റൂർ. തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ കൃഷികളിൽ വെള്ളമെത്തിക്കാൻ ഉപയോഗിക്കുന്ന കനാലാണ്. കനാലിൽ വെള്ളമെത്തുന്നതോടെ കിണറുകളിലെ ജലനിരപ്പ് താഴാതെ നിൽക്കും. വർഷത്തിലൊരിക്കൽ പമ്പാ ഇറിഗേഷൻ ജീവനക്കാർ കനാൽ വ്യത്തിയാക്കാറുണ്ടെന്ന് സമീപവാസി മോടിയിൽ പ്രസന്നകുമാർ പറഞ്ഞു.
