കൊച്ചി : ശബരിമലയിൽ നടൻ ദിലീപിന് വിഐപി പരിഗണന ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോടതി. ഹരിവരാസനം പാടുന്ന സമയം മുഴുവൻ ദിലീപിന് സന്നിധാനത്ത് നിൽക്കാൻ എങ്ങനെ അവസരം കിട്ടിയെന്നും വിഷയം ചെറുതായി കാണുന്നില്ലെന്നും കോടതി അറിയിച്ചു .സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സിസിടിവി ദൃശ്യങ്ങളടക്കം സമർപ്പിക്കാനാണ് നിർദ്ദേശം.ഇന്നു രാവിലെ നടത്തിയ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതി നിർദ്ദേശം.
വ്യാഴാഴ്ച രാത്രിയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥർ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദർശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയർന്നത്.
ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി . അതിഥി മന്ദിരങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ ദിവസം ആരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശ്രീകോവിലിന് മുന്നിൽ ദർശനത്തിന് പ്രത്യേക പരിഗണന നൽകുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു