കൊച്ചി : എഡിജിപി എംആര്‍ അജിത് കുമാറിന്റെ ശബരിമലയിലേക്കുള്ള ട്രാക്ടർ യാത്രയെ വിമർശിച്ച് ഹൈക്കോടതി.സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ട്രാക്ടർ യാത്ര ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. .
ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്ന് കഴിഞ്ഞ ദിവസം ദർശനത്തിനായി അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പൊലീസിൻറെ ട്രാക്ടറിലാണ് പോയത്. അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.സംഭവത്തിൽ പത്തനംതിട്ട എസ്പിയും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു .
അതേസമയം ,സംഭവത്തിൽ ട്രാക്ടർ ഡ്രൈവർക്കെതിരെ പമ്പ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം വാഹനമോടിച്ചെന്നും രാത്രി 9നു ശേഷം നിയമ വിരുദ്ധമായി 3 പേരെ ട്രാക്ടറിൽ കയറ്റിയെന്നുമാണ് കേസ് .






