കോട്ടയം: പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉൾപ്പെടെയുള്ള പൂർവപിതാക്കൻമാർ മാർത്തോമ്മൻ ശ്ലൈഹിക പാരമ്പര്യത്തിന്റെ കാവൽക്കാരെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
സ്വാതന്ത്ര്യത്തിന്റെയും, സ്വത്വത്തിന്റെയും ഉറപ്പുള്ള പാറകളെന്ന് അവരെ വിശേഷിപ്പിക്കാം. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 62ാം ഓർമ്മപ്പെരുന്നാൾ, പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ എന്നിവയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.
പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ സഭാ സമാധാനത്തിന് വേണ്ടി പ്രത്യാശയുടെ ഗോപുരമായി നിന്ന പിതാവായിരുന്നെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരിച്ചു. പാത്രിയർക്കീസിന് കൂടി ബഹുമാനം നൽകുന്ന ഭരണഘടന ആ സമാധാന ചിന്തയുടെ ഭാഗമാണ്. സഭയുടെ സമാധാനത്തിന് വേണ്ടി സ്വയം താഴുവാനും ആ പിതാവ് തയാറായി. എന്നാൽ സത്യവും നീതി ബോധവും കൈവിട്ടില്ല. ആ പിതാക്കൻമാരുടെ പാതയാണ് സഭ പിന്തുടരുന്നത്. പൂർവപിതാക്കൻമാർ പകർന്ന് നൽകിയ മാർത്തോമ്മൻ ശ്ലൈഹിക പാരമ്പര്യത്തിന്റെ സത്യമോ ഭരണവ്യവസ്ഥിതിയോ ലംഘിച്ചുള്ള സമാധാനം സാധ്യമാകില്ലെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.
രാവിലെ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സഹകാർമ്മികരായി. പരിശുദ്ധ പിതാക്കൻമാരുടെ കബറിടങ്ങളിൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ച വിളമ്പ് എന്നിവയോടെ ദേവലോകം പെരുന്നാളിന് സമാപനമായി.






