തിരുസ്വരൂപ പ്രതിഷ്ഠയ്ക്ക് ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ വന്‍ ഭക്തജന സമൂഹത്തെ സാക്ഷി നിര്‍ത്തി പ്രാര്‍ത്ഥനകളുടെയും ദൈവസ്തുതിപ്പുകളുടെയും നിറവിലാണ് തിരുസ്വരൂപം പ്രതിഷ്ഠക്കായി എടുത്തത്.
ദേവാലയത്തിന്റെ പ്രധാന അള്‍ത്താരയ്ക്ക് വലത് ഭാഗത്തുനിന്നും തിരുസ്വരൂപം എടുത്തപ്പോള്‍ പള്ളിമണികളും വെടിക്കെട്ടും സ്‌തോത്രഗാനവും ഉയര്‍ന്നു. പള്ളിക്കകത്ത് തടിച്ചു കൂടിയ വിശ്വാസികള്‍ നേര്‍ച്ചയായി തിരുസ്വരൂപത്തിലേക്ക് വെറ്റിലയും പൂക്കളും എറിഞ്ഞു. പാപപരിഹാരാര്‍ത്ഥം തലയില്‍ കല്ല് ചുമന്ന് നൂറുകണക്കിന് വിശ്വാസികള്‍ തിരുനടയിലെത്തി.
അസ്സി. വികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. ജേക്കബ് ചെത്തിപ്പുഴ, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. ആന്റണി ചൂരവടി, ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, ഫാ. സേവ്യര്‍ വെട്ടിത്താനം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യന്‍ മനയത്ത്, ഫാ. മാത്യു മാലിയില്‍, ഫാ. സൈമണ്‍, ഫാ. ജനീസ് എന്നിവര്‍ സഹകാര്‍മികരായി.
മെയ് ആറിന് നടക്കുന്ന ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും തിരുനാള്‍ പ്രദിക്ഷണത്തിലും ഗീവര്‍ഗീസ് സഹദായുടെ രൂപവും ചെറിയ രൂപങ്ങളും കൊടിയും കുടകളും കുരിശുമൊക്കെ വഹിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തജനങ്ങളാണ്. ഇത് അവര്‍ക്കുള്ള പരമ്പരാഗതമായ അവകാശമാണ്.
ഇത്തവണത്തെ തിരുനാളിന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സീറോ മലബാര്‍ സഭ എമിരിറ്റസ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കോട്ടാര്‍ രൂപത എമിരിറ്റസ് ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ റെമിജിയൂസ്, തക്കല രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, കുഴിത്തുറൈ രൂപത ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് അനസ്താസ് എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും.