ആലപ്പുഴ : ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ ഇടപെടലില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്‍ത് കാര്‍ഡ് പുതുക്കി ലഭിച്ചു. പൂന്തോപ്പ് അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ 22 വയസ്സുകാരി ജി. രാജലക്ഷ്മി, 13-കാരി ജി. ജയലക്ഷ്മി എന്നിവരുടെ നാഷണല്‍ ട്രസ്റ്റിനു കീഴിലുള്ള നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്‍ത് കാര്‍ഡാണ് 2023 ഡിസംബര്‍ മുതല്‍ പുതുക്കി ലഭിക്കാതിരുന്നത്. കുട്ടികളുടെ ചികിത്സയ്ക്ക് ആശ്രയിച്ചുകൊണ്ടിരുന്ന കാര്‍ഡ് പുതുക്കി നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന അപേക്ഷയുമായി മാതാപിതാക്കളായ തേണ്ടന്‍കുളങ്ങര തൈവീട്ടില്‍ ഗായത്രിയും ജയരാജനും ജില്ല കളക്ടറെ സമീപിക്കുകയായിരുന്നു.
കാര്യങ്ങള്‍ വിശദമാക്കി സാമൂഹ്യ നീതി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറിയ്ക്ക് ജില്ല കളക്ടര്‍ അയച്ച കത്തിനെ തുടര്‍ന്നാണ് ഹെല്‍ത് കാര്‍ഡ് പുതുക്കി ലഭിക്കാനുള്ള നടപടി ഉണ്ടായത്. കാര്‍ഡ് പുതുക്കുന്നതിലെ നടപടികളില്‍ വരുത്തിയ മാറ്റം കാരണം ഒട്ടേറെ ഗുണഭോക്താക്കളുടെ കാര്‍ഡുകള്‍ മാസങ്ങളായി പുതുക്കി ലഭിച്ചിട്ടില്ലായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ ഇത്തരത്തില്‍ മുടങ്ങിക്കിടന്ന എല്ലാ നിരാമയ കാര്‍ഡുകളും പുതുക്കി നല്‍കി തുടങ്ങിയിട്ടുണ്ട്.