ഇസ്ലാമാബാദ് : ഇസ്രായേലിനെ ‘കാൻസർ’ എന്നും ‘മനുഷ്യരാശിക്ക് ശാപം’ എന്നും വിശേഷിപ്പിച്ച് പാക്ക് പ്രതിരോധമന്ത്രി ഖ്വജാ ആസിഫ്. ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലബനനിൽ വംശഹത്യ നടക്കുകയാണെന്ന് ആസിഫ് സമൂഹമാധ്യമത്തിൽ ആരോപിച്ചു. പലസ്തീൻ മണ്ണിൽ ഈ കാൻസർ രാജ്യം സ്ഥാപിച്ചവർ നരകത്തിൽ വെന്തുനീറട്ടെ എന്നും മന്ത്രി എക്സിൽ കുറിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തി.പാക് മന്ത്രിയുടെ പ്രസ്താവന പ്രകോപനപരവും വംശീയവുമാണെന്നും ഒരു സർക്കാരും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാൻ പാടില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. സമാധാന ശ്രമങ്ങളുടെ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽനിന്നും ഉണ്ടാകേണ്ട പ്രസ്താവനയല്ല ഇതെന്നും തങ്ങളെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭീകരവാദികളെ പ്രതിരോധിക്കുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.






