തിരുവനന്തപുരം : സ്റ്റാറ്റ്യൂട്ടറി പെന്‍ഷനും പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും നിലവിലുള്ളപ്പോള്‍ ജീവാനന്ദം എന്ന പേരില്‍ പുതിയ ആന്വിറ്റി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം ദുരുദ്ദേശപരമാണെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച ശേഷം മാസംതോറും ഒരു നിശ്ചിത തുക ആന്വറ്റിയായി ലഭിക്കത്തക്കതരത്തില്‍ ജീവാനന്ദം പദ്ധതി നടപ്പാക്കാനായി സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിനെ ചുമതല ഏല്‍പ്പിച്ചു കൊണ്ട് ഇറക്കിയ ഉത്തരവ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൂടി ആസൂത്രിതമായി കവര്‍ന്നെടുക്കുന്നതിനുള്ള കൂറുക്കുവഴിയാണ്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പുതിനൊരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിയമപരവും ഭരണഘടനാപരമായും ഉള്ള നിയമസാദ്ധ്യതയെപ്പറ്റി അങ്ങേയറ്റം ആശങ്ക നിലനില്‍ക്കുകയാണ്. ഇതിന്‍റെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയോ ജീവനക്കാരുടെ സംഘടനകളുമായി ആലോചിക്കുകയോ ചെയ്തിട്ടില്ല.
വിരമിച്ച ജീവനക്കാര്‍ക്ക് മാസംതോറും പെന്‍ഷന്‍ ലഭിക്കുമ്പോള്‍ ആന്വിറ്റി പദ്ധതിയുടെ പ്രസക്തി എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു.