തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയും ഗരുഡ വാഹനം എഴുന്നള്ളിപ്പും ഇന്ന് രാത്രി 08 മണിക്ക് നടക്കും. വൈകിട്ട് 06 ന് തിരുവല്ല രാജീവ് കൃഷ്ണന്റെ നേതൃത്വത്തിൽ സ്പെഷ്യൽ മേളം, വൈകിട്ട് 6.30 ന് അലങ്കാര ദീപാരാധനയ്ക്ക് ശേഷം കോമഡി ഉത്സവം ഫെയിം സുരേഷ് തിരുവല്ല നയിക്കുന്ന ബ്ലൂ വേവ് ഓർക്കസ്ട്രയുടെ ഗാനാജ്ഞലി
തുടർന്ന് രാത്രി 8 ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്തു രഞ്ജിത്ത് നാരായണൻ ഭട്ടത്തിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി വെള്ളിയോട്ടില്ലo നാരായണൻ നമ്പൂതിരി യുടെയും മുഖ്യ കാർമികത്വത്തിൽ വേട്ട എഴുന്നള്ളിപ്പ് ചടങ്ങുകൾ ആരംഭിക്കും.
8.30 ന് താന്ത്രിക ക്രിയകൾ ഭാഗികമായി പൂർത്തിയാക്കി ഭഗവാനെ ഗരുഡ വാഹനത്തിൽ എഴുന്നള്ളിക്കുന്നു. ഗരുഡ രൂപം പൂർണ്ണമായും വെള്ളിയിൽ പൊതിഞ്ഞതാണ്. ഈ എഴുന്നള്ളിപ്പ് മുഖ്യ കാർമികരുടെ അനുവാദത്തോടെ പാണി കൊട്ടി വേട്ട പുറപ്പാട് നടക്കും.
വലം തല മേളം മാത്രമാണ് പള്ളിവേട്ട എഴുന്നള്ളിപ്പിന് ഉപയോഗിക്കുക.
വേട്ട കഴിഞ്ഞു തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ താലപ്പൊളി,എതിരേൽപ്പ് വാദ്യങ്ങൾ, എന്നിവയോട് കൂടി അത്യാടമ്പരമായി പള്ളിവേട്ട ആൽത്തറയിൽ നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിക്കും.9.15 ന് ക്ഷേത്ര മൈതാനിയിൽ നാദസ്വരം, ചെണ്ട, പഞ്ചവാദ്യം, അഷ്ടപദി എന്നിവയോടുകൂടി സേവ നടക്കും. സേവയുടെ 3 ആം വലത്തു കിഴക്കേ ആനക്കൊട്ടിലിൽ എത്തുമ്പോൾ മൈതാനിയിൽ ആകാശവർണ്ണകാഴ്ച നടക്കും.
തുടർന്ന് അകത്തെഴുന്നള്ളിപ്പിന് ശേഷം പള്ളിക്കുറിപ്പൊട് കൂടി താന്ത്രിക ക്രിയകൾ പൂർത്തിയാകും.
12 ന് രാവിലെ 10 മണിക്ക് കൊടിയിറക്ക്. ശേഷം കരുനാട്ടുകാവ് ബ്രാഹ്‌മണ സമൂഹത്തിന്റെ ആദ്യ പറ സ്വീകരിച്ച ശേഷം ആറാട്ട് പുറപ്പാട്. ആറാട്ടിന് ശേഷം ക്ഷേത്ര മൈതാനിയിൽ വലിയ കാണിക്ക. ഉച്ചയ്ക്ക് 12.30 ന് അകത്തെഴുന്നള്ളിപ്പ്, ഉച്ചപൂജ,ആറാട്ട് കലശാഭിഷേകം, അവസ്രാവപ്രോക്ഷണം എന്നിവയോട് കൂടി തിരുവുത്സവം സമാപിക്കും.
ചടങ്ങുകൾക്ക് ഇസ്‌കോൺ പ്രസിഡന്റ് ഡോ ജഗത് സാക്ഷി ദാസ്, സെക്രട്ടറി പേശല ഗോപാൽ ദാസ്, കരുനാട്ടുകാവ് ബ്രാഹ്‌മണ സമൂഹം പ്രസിഡന്റ് രാജഗോപാൽ, സെക്രട്ടറി ശിവകുമാർ ചൊക്കംമഠം എന്നിവർ നേതൃത്വം നൽകും