ആലപ്പുഴ : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആലപ്പുഴ സിറ്റിങ്ങ് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവാനന്തര ശുശ്രൂഷയെത്തുടർന്ന് യുവതി മരിക്കാനിടയായ സംഭവവത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ നിർദ്ദേശപ്രകാരം, മെഡിക്കൽ എക്സ് പെർട്ട് പാനൽ കമ്മിറ്റി റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിച്ചതായും അമ്പലപ്പുഴ ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു.
തുടർന്ന് ഹർജിയിന്മേലുള്ള തുടർനടപടികൾ അവസാനിപ്പിച്ചു.
തലമുറകളായി താമസിച്ച് വരുന്ന പുറമ്പോക്ക് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി ആറാട്ടുവഴി സ്വദേശി സമർപ്പിച്ച ഹർജിയിൽ മുനിസിപ്പൽ കൗൺസിലിന്റെ അനുമതിക്ക് വിധേയമായി പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന തോളെല്ല് ശസ്ത്രക്രീയയുമായി ബന്ധപ്പെട്ട് ചികിൽസാ പിഴവ് ആരോപിച്ച് തിരുവമ്പാടി സ്വദേശി സമർപ്പിച്ച ഹർജിയിൽ, പരാതിയിന്മേലുള്ള വസ്തുത പരിശോധിക്കുന്നതിനും വ്യക്തത വരുത്തുന്നതിനുമായി, ആലപ്പുഴ മെഡിക്കൽ കോളേജിന് പുറത്തുള്ള വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
കമ്മീഷന്റ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. സംഘത്തിന്റെ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.