തിരുവനന്തപുരം : ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യൂതി ഉത്പാദനം വർദ്ധിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയടക്കമുള്ള ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് വൈദ്യുതോല്‍പാദനം വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ ഒമ്പത് ഡാമുകളില്‍ ആണ് ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കക്കി, മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ബാണാസുര സാഗര്‍ തുടങ്ങിയ ഒമ്പത് ഡാമുകള്‍ക്കാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്.
സംഭരണ ശേഷിയുടെ 73 ശതമാനമാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജല നിരപ്പ്. ഇതോടെ ഇടുക്കിയില്‍നിന്ന് 7.748 ദശലക്ഷം യൂണിറ്റ് വൈദ്യൂതിയാണ് ഉത്പാദിപ്പിച്ചത്. ശബരിഗിരിയില്‍ 5.8879 ദശലക്ഷം യൂണിറ്റും മറ്റ് ഡാമുകളിലും റൂള്‍കര്‍വ് പാലിച്ച് ഉല്‍പാദനം ക്രമീകരിക്കുന്നുണ്ട്.
82 ദശലക്ഷം യൂണിറ്റാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന പ്രതിദിന ഉപയോഗം. കഴിഞ്ഞ ദിവസം ഇത് 76.8122 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 38.6854 ദശലക്ഷം യൂണിറ്റും കേരളത്തില്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചതാണെന്നതാണ് മറ്റൊരു പ്രത്യേകത. പുറത്തുനിന്നും വില കൊടുത്ത് വാങ്ങുന്ന വൈദ്യുതിയേക്കാള്‍ കൂടൂതല്‍ സംസ്ഥാനത്ത് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ടു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്നാൽ മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്.






