കൊല്ലം: ആറാമത് കുടുംബശ്രീ സംസ്ഥാനതല ബഡ്സ് കലോത്സവം ‘തില്ലാന’ 2025 കൊടിയേറി. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ വൈകുന്നേരം 3.00ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ബഡ്സ് കലോത്സവം’തില്ലാന’-2025 ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രമായ മുന്നേറ്റത്തിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന ബഡ്സ് കലോത്സവങ്ങള്‍ സുപ്രധാന പങ്കു വഹിക്കുന്നുവെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പരിമിതികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറാന്‍ കരുത്തു നല്‍കുന്നതിനൊപ്പം അവരുടെ അതിജീവനപരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും ബഡ്സ് കലോത്സവങ്ങള്‍ക്ക് കഴിയുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടത്തുന്ന പരിപാടികളില്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളോ അല്ലെങ്കില്‍ പുസ്തകങ്ങളോ മാത്രമേ ഉപഹാരമായി നല്‍കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി എല്ലാ മത്സരാര്‍ത്ഥികളെയും കലോത്സവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും അഭിനന്ദിച്ചു.
ഉജജ്വല ബാല്യ പുരസ്കാരം നേടിയ തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ വിദ്യാര്‍ത്ഥി അജു വി.ജെ, കൊല്ലം നഗരസഭയിലെ അമ്പാടി ബാലസഭാംഗമായ ശ്രുതി സാന്ദ്ര എന്നിവര്‍ക്കുള്ള കുടുംബശ്രീയുടെ ആദരമായി മെമന്‍റോ ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ സമ്മാനിച്ചു.സംഘാടകസമിതി തയ്യാറാക്കിയ കലോത്സവ സുവനീര്‍ പ്രകാശനം എം.നൗഷാദ് എം.എല്‍.എ മന്ത്രി കെ.എന്‍ ബാലഗോപാലിന് നല്‍കി നിര്‍വഹിച്ചു. ബഡ്സ് തീം ഉല്‍പന്ന വിപണന സ്റ്റാളിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ ഗോപന്‍ നിര്‍വഹിച്ചു.