തിരുവല്ല: 67-മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ബോട്ട് റേസിനോടനുബന്ധിച്ച് നടത്തുന്ന കുട്ടനാട് പൂരം നാളെ വൈകിട്ട് 4-ന് തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ ആരംഭിക്കുന്നു. പത്തനംതിട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം നിർവഹിക്കും. വിപുലമായ കലാ-സാംസ്കാരിക പരിപാടികളും എല്ലാ ദിവസവും പ്രശസ്ത സിനിമ-സീരിയൽ താരങ്ങളുടെ പ്രത്യേക പ്രകടനങ്ങളും അരങ്ങേറും.
നാളെ കലാസന്ധ്യയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടനും, സംവിധായകനും, നിർമ്മാതാവുമായ ബൈജു എഴുപുന്ന നിർവഹിക്കും.
കലാസന്ധ്യയിൽ കലാസദ്യയായി പ്രശസ്ത സിനിമ പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം സുധീഷ് നയിക്കുന്ന ഗാനമേളയും, പ്രശസ്ത കോമഡി താരങ്ങളായ പോൾസനും ഭാസിയും നയിക്കുന്ന ഹാസ്യ വിസ്മയങ്ങൾ നിറഞ്ഞ കോമഡി ഷോയും അരങ്ങേറും.
ഓണക്കാലത്തെ ആഘോഷത്തിന്റെ ഭാഗമായി വിവിധതരം എന്റർടൈൻമെന്റ് പരിപാടികൾ, കുട്ടികൾക്ക് ദിനം മുഴുവൻ സന്തോഷം പകരുന്ന അമ്യൂസ്മെന്റ് പാർക്ക്, വൈവിധ്യമാർന്ന പ്രദർശനങ്ങൾ, നൂറിലധികം സ്റ്റാളുകൾ, വിവിധ രുചികളോടെ ഒരുക്കിയ ഫുഡ് കോർട്ട്, പെറ്റ്സ് പ്രദർശനവും പക്ഷി പെറ്റ് ഷോയും ഉണ്ടാകുമെന്ന് പബ്ലിസിറ്റി ചെയർമാൻ, അജി തമ്പാൻ, സജി കൂടാരത്തിൽ, റോഷിൻ ശർമ എന്നിവർ അറിയിച്ചു.