തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ചീഫ് സെക്രട്ടറി, സര്‍ക്കാര്‍ വകുപ്പ് സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ക്കാണ് കമ്മിഷന്‍ നിർദേശം നല്‍കിയത്.
സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്റ്റാറ്റ്യൂട്ടറി ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥലംമാറ്റത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഭരണപരമായ അടിയന്തര സാഹചര്യം നേരിടേണ്ടഘട്ടത്തിൽ സ്ഥലംമാറ്റം ആവശ്യമായി വരികയാണെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ ബോധ്യപ്പെടുത്തി മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും അറിയിപ്പിലുണ്ട്.
വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റ ഉത്തരവുകള്‍ ബാധകമല്ല. ഒക്ടോബര്‍ മൂന്നിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ നടപ്പാക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.






